Friday, December 30, 2016

ജീവിതം

മിന്നാമിനുങ്ങിന്റെ ഇത്തിരി വെട്ടം മതി
നമ്മുടെ ജീവിതത്തിന് വെളിച്ചമേകാൻ.
ചിത്രശലഭത്തിന്റെ ചിറകുകൾ മതി
നമ്മുടെ ജീവിതത്തിന് ചാരുതയേകാൻ.


Friday, December 13, 2013



കാർ 

ഇന്നലെ ഷോപിംഗ് മാളിൽ പോയപ്പോൾ മോൾക്കായി ഒരു കാർ വാങ്ങിച്ചു. ബാറ്ററിയിട്ടാൽ ഓടുന്നത്. വീട്ടില് വന്നു കാർ ഓട്ടം തുടങ്ങി. പലവട്ടം കാർ കട്ടിലിന്നടിയിലേക്കും വാതിലിന്നിടയിലേക്കും   പോയി  കുടുങ്ങുംപോൾ അവൾ ദേഷ്യം പിടിക്കുന്നുണ്ടായിരുന്നു. ഒടുവിൽ കാർ ഓഫ് ചെയ്തു എന്റെ അടുത്ത് വന്നു പരാതി പറഞ്ഞു . 'ഞാനെത്ര മാറ്റിയിട്ടും ഈ കാർ കട്ടിലിന്നടിയിലേക്കും വാതിലിന്നിടയിലേക്കും തന്നെ പോകുന്നത്'. ഞാൻ പൊടുന്നനെ ചോദിച്ചു : മോളോട് വെള്ളം കുടിക്കാനും , ഭക്ഷണം കഴിക്കാനും പറയുമ്പോൾ മോൾ കേൾക്കാറുണ്ടോ. അപ്പോഴേക്കും മുഖം മാറി ..തിരിഞ്ഞു നിന്ന്  കാറിൻറെ ബട്ടണ്‍ അമര്ത്തി അവൾ പറഞ്ഞു :
എന്റെ പൊന്നു കാറല്ലേ..നിനക്കിഷ്ടളേളടത്തേക്ക് പൊയ്ക്കോ.....

Friday, July 5, 2013

"പാച്ചു ബുക്കോ ലൈകീമിയ"

കുറച്ചു കാലമായി ഭർത്താവിന്നു ചില്ലറ മനസ്സങ്കര്ഷം തോന്നുന്നു. ഏതു സമയവും എന്തോ ചിന്തിച്ചു, കുലച്ച വാഴയ്ക്ക് നാട്ട കൊടുത്തപോലെ തലയ്ക്കു കൈയും കൊടുത്ത്.
എല്ലാം കാണുന്നെന്ടെങ്കിലും കാണാത്തപോലെ ഭാര്യയും നിന്നു. രാത്രി ഉറങ്ങാൻ കിടന്നാൽ ഉറക്കം വരാതെ എണീറ്റ് പോകാൻ തുടങ്ങിയതോടെ "സം തിങ്ങ് റോങ്" ഉള്ള തായി ഭാര്യക്ക്‌ തോന്നി. അറിയാതെ പിന്നാലെ ചെന്ന്. പുള്ളിക്കാരൻ ചെന്ന് ലാപ്ടോപ് ഓണ്‍ ചെയ്തു ഫേസ് ബുക്കിലേക്ക് കണ്ണും നട്ടിരുന്നു. എന്തോ ആശ്വാസത്തോടെ ഒന്ന് ചിരിക്കുന്നത് കണ്ടു. പിന്നെ എല്ലാം ഷട്ട് ഡൌനായി.
മറ്റു വല്ലവരുമായി പ്രേമമോ മറ്റോ എന്ന് ഭാര്യ ചിന്തിച്ചില്ല. അതിനു മാത്രം ഭർത്താവു വളര്ന്നിടില്ല എന്നതുകൊണ്ടാവണം. എന്നാലും ഭാര്യ മൊബൈൽ കോളുകൾ ഒന്ന് പരതി. വല്ല സരിത നായരും ......ഇല്ല അതിനു ഇയാൾ  മന്ത്രിയായില്ലല്ലോ.
ഭർത്താവു ജോലിക്ക് പോയ സമയത്ത് അദ്ധേഹത്തിന്റെ ഫേസ് ബുക്ക്‌ പേജ് കൃത്യമായി ശ്രദ്ധിക്കാൻ തുടങ്ങി. കൂടാതെ ഓരോ ദിവസത്തെ ഭര്ത്താവിന്റെ ഹാവ ഭാവങ്ങളും കൃത്യമായി പഠിക്കാൻ തുടങ്ങി. ഫേസ് ബുക്കിൽ വീണ ലൈകുകളും മുഖത്തെ വെളിച്ചവും തമ്മിൽ കണക്ഷനുകൾ ഉള്ളതായി തോന്നി. ഒരു പരീക്ഷണത്തിനു കൂട്ടുകാരികളെയും അറിയവുന്നവരെയും വിളിച്ചു ഭര്ത്താവിന്റെ പോസ്റ്റുകൾ ക്ക് ലൈക് നല്കാൻ പറഞ്ഞു. അന്നേ ദിവസം വര്ഷങ്ങളായി  പറഞ്ഞു കൊണ്ടിരിക്കുന്ന നെക്ലേസും, കിച്ചണ്‍ സെറ്റുമൊക്കെ സാക്ഷാൽകൃതമായി. 
എന്നാലും രോഗം അറിയാനായി ഭാര്യ ഡോക്ടറോട് ചോദിക്കാനുള്ള പരിപാടിയിൽ ചോദിച്ചു. ഫേസ് ബുക്ക്‌ നിത്യമായി   ഉപയോഗിക്കുന്നവര്ക്ക് ബാധിക്കുന്ന ഈ രോഗം
"പാച്ചു ബുക്കോ  ലൈകീമിയ" എന്നെത്രേ അറിയപ്പെടുന്നത്.  ഫിലിപീന്സിലാണ് രോഗം കണ്ടെത്തിയാതെങ്കിലും മലയാളികളിലാണ്‌ കൂടുതൽ കണ്ടു വരുന്നത്.

Saturday, March 16, 2013

അടയാളം

ആരും പറയാത്ത കഥ കേൾകാനായി, എവിടെയും വായിക്കാത്ത കഥ എഴുതാനായി ഞാൻ അലഞ്ഞു. ജീവിതത്തിൽ വ്യത്യസ്തത നേടുകയെന്നതയിരുന്നു ലക്‌ഷ്യം. നാടായ നാടൊക്കെ ചുറ്റിക്ഷീണിതനാണെ ങ്കിലും അക്ഷോഭ്യനായി ഞാനിരുന്നു. മരത്തണലിന്റെ സ്നേഹത്തിൽ ഒരു മയക്കം. ആരും അറിയാതെ മയക്കം മരണത്തിലേക്ക് ഊര്ന്നിറങ്ങി. എത്തി നോക്കാൻ പോലും ഒരാളില്ലാതെ…ചരിത്രം പോലും അറിയാതെ ..

Wednesday, February 27, 2013

എക്സ്ചേഞ്ച് ഓഫര്‍....


വേദനയുടെ തീരാ ദു:ഖങ്ങള്‍ മനസ്സില്‍ പേറി നടക്കുമ്പോഴാണ് ദു: ഖങ്ങളുടെ എക്സ്ചേഞ്ച് ഓഫര്‍ കട കണ്ടത്. എന്റെ വേദനയേറിയ
ദു: ഖ ത്തിനു പകരം കുറഞ്ഞ വല്ലതും കിട്ടിയാലോ ...അധികം അമാന്തിക്കാതെ കടയില്‍ കയറി ഓരോന്നായി പരതാന്‍ തുടങ്ങി. പക്ഷെ കടയിലുള്ള ദു:ഖങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അധികം വോള്‍ട്ടെയ്ജ്  വേണം. പഴയ ദു: ഖങ്ങളുടെ വേദനയില്‍ സന്തോഷിച്ചു ഞാന്‍ മെല്ലെ കടയുടെ പടിയിറങ്ങി.

Wednesday, September 19, 2012

എമെര്‍ജിംഗ് കാഴ്ചകള്‍

ഒന്നാം  കാഴ്ച

അന്നം കണ്ടിട്ടു ആറു ദിവസമായി

അയല്‍ പക്കമില്ലാത്തതിനാൽ ആരുമറിഞ്ഞില്ല

അലക്ഷ്യമായി  നടക്കുന്നതിന്നോടുവില്‍

അനൌണ്‍സ്മെന്റ്  ജീപ് സഡന്‍ബ്രയ്ക്കിട്ടു 

അലസമായ പുഞ്ചിരിയില്‍ കൈമാറിയത്

'എമെര്‍ജിംഗ് കേരളയുടെ' വര്‍ണ്ണ കടലാസായിരുന്നു 


രണ്ടാം കാഴ്ച

രക്ഷപെടാന്‍ മറ്റു വഴികളില്ലാത്തതിനാല്‍
വീടും പറമ്പും ലേലത്തിനു വെച്ചു.
അടുത്ത് തന്നെ ഹൈവേ റോഡു ള്ളതിനാല്‍
നല്ല വില കിട്ടുമെന്ന് ഭാര്യ.
പഴയ വീടായതിനാല്‍ പുരാവസ്തുക്കാരും വരും.
പറമ്പിലെ പ്രായമുള്ള മരങ്ങള്‍ക്ക് ആവശ്യക്കാരേറെ.
ലേല ദിവസം എല്ലാം വിചാരിച്ച പോലെ
നല്ല വിലക്ക് വില്പന കലാശിച്ചു.
ഒടുവില്‍ എന്റെ ഭാര്യക്കും
വിവാഹ പ്രായമായ മകള്‍ക്കും
അവര്‍ വില പറഞ്ഞു.   

മൂന്നാം കാഴ്ച്ച

അവര്‍ വന്നു , കണ്ടു , ഇഷ്ടപ്പെട്ടു
മുതലിറക്കി മുതലാളിമാരായി .
ഇടനിലക്കാരായ മന്ത്രിമാര്‍
കമ്മീഷനുള്ള രാഷ്ട്ര സേവകരായി  
നാട്ടുകാരായ   പാവങ്ങള്‍
മണ്ണിലേക്ക് മുഖമമര്‍ത്തി. 


Saturday, February 25, 2012

ഫെയ്സ് ബുക്ക്‌

ചുരുങ്ങിയ ലീവില്‍ കല്ല്യാണം കഴിഞ്ഞു ആദ്യമായി ഗള്‍ഫിലെത്തിയ ഭര്‍ത്താവിനു ഭാര്യയെ എന്ത് പറഞ്ഞു സന്തോഷിപ്പിക്കും എന്നറിയാതെ വിഷമിക്കുകയായിരുന്നു. ജോലി കഴിഞ്ഞു റൂമിലെത്തിയപ്പോ  സൈലെന്റിലായ മൊബൈല്‍ മേശ കാര്‍ന്നു തിന്നുന്ന ശബ്ദം കേട്ട് ഓടി വന്നപ്പോള്‍ അവള്‍ മിണ്ടി തുടങ്ങി. മറുവെടി യായി അവനും ഇങ്ങനെ പറഞ്ഞു, നിന്നെ ഞാനെപ്പോഴും ഓര്‍ക്കാറുണ്ട്. എന്റെ ഓഫീസിലെ ഔട്ട്‌ ലുക്കിന്റെ പാസ്‌ വേര്‍ഡും, ജീമൈലിന്റെ  പാസ്‌ വേര്‍ഡും നിന്റെ പേരാണ്. പോരാത്തതിനു ഫെയ്സ് ബുക്കില്‍ നിന്റെ ഫോട്ടോ ആഡ് ചെയ്തിട്ടുണ്ട്. അതിനാല്‍ നിന്നെ ഒരിക്കലും ഞാന്‍ മറക്കില്ല പൊന്നേ എന്ന് അവന്‍ പറഞ്ഞപ്പോള്‍ കമന്റൊന്നും കേട്ടില്ല .
ലൈക്‌ ബട്ടന്‍ രണ്ടു പ്രാവശ്യം ക്ലിക്കി അവള്‍ നിശ്വസിച്ചു.