Sunday, October 13, 2024

അടിവര


പുസ്തകത്തിൽ വായിച്ച വരികളെല്ലാം ജീവിതത്തിൽ തിരുത്തപ്പെടേണ്ടതായിരുന്നു. കൂടുതൽ ശ്രദ്ധ കിട്ടാൻ എല്ലാം അടിവരയിട്ടു വന്നു. വരയിട്ട് വരയിട്ടൊടുവിൽ അടിവരയി  ടാത്ത വരികൾ പുസ്തകത്തിലില്ലാതായി.    ഞാനാ പുസ്തകം മാറോടണച്ചു പിടിച്ചു.  അതെൻ്റെ ജീവിത പുസ്തകമായിരുന്നു.

Tuesday, September 3, 2024

എൻ്റെ ആകാശം

 പറക്കാൻ ചിറകില്ലാഞ്ഞിട്ടല്ല

ആകാശമില്ലാഞ്ഞിട്ടുമല്ല 

എൻ്റെതായ ആകാശം 

ഇനിയുമുണ്ടാകാത്തതിനാലാണ്.


പറന്നുയർന്നാൽ 

ഏതാകാശവും നിൻ്റെതാവുമെന്ന്

മോട്ടിവേഷൻ ക്ലാസ്സിൽ കേട്ടപ്പോൾ

വീണ്ടും മേൽപോട്ട് നോക്കി.

എൻ്റെ ആകാശം 

ഇനിയുമെത്തിയിട്ടില്ലല്ലോ.

പിന്നെ ഒന്നുമാലോചിച്ചില്ല

എൻ്റെ ചിറകുകൾ കൊത്തിയരിഞ്ഞ്

പൂമെത്തയുണ്ടാക്കിയതിൽ

സുഖ നിദ്രയിലാണ്ടു.

എഴുത്ത്: ഇ.കെ. നഈം


കവിത സ്നേഹഗാത്രം

 ഉണ്ടായിരുന്നാഗ്രഹവും പ്രാർത്ഥനയു-

മിനിയും നടന്നു കാണണമെന്ന്.

വഴുതി മാറി നിങ്ങൾ കടന്നു പോയി

വേദനകൾ ബാക്കിയായി മനമിൽ

പറന്നുയർനേഴാമാകാശത്തിനുമപ്പുറം

പറുദീസയുടെ ഗന്ധം വമിക്കട്ടെ നിങ്ങളിൽ.

നിങ്ങൾ നട്ട നൻമയുടെ തിരികൾ

നിലക്കാത്ത വെളിച്ചമായി വരും നിങ്ങളിൽ .

വിയോഗം  വിടർത്തുന്ന വിതുമ്പലുകളിൽ

വഴിഞ്ഞൊഴുകുന്ന മിഴിനീർ തുടക്കാൻ

വഴിയെ വരുന്ന ബന്ധുകൂട്ടുകാരാദികൾ

വിഘ്നം മുറിച്ചരികിൽ തന്നെയുണ്ട്.

പക്ഷാഘാതം തളർത്തിയ മേനിയിൽ

പക്ഷെ, തളിരിട്ടിരുന്നു തുടിപ്പുകൾ.

പതിയെ പതിയെ എണീറ്റു വരുമെന്ന്

പാതിരാ സ്വപ്നങ്ങൾ പറഞ്ഞൂ പലവുരു.

പകരം തരാനാവാത്തയാ സ്നേഹ വർഷം

പിന്നെയും പുൽകാനാവുമെന്ന ഹർഷം

പക്ഷെ, പടച്ചവൻ്റെ വിധിയിൽ പൊലിഞ്ഞു.

ഒരുമിക്കാനാകട്ടെ നാഥൻ്റെ ജന്നത്തിൽ,

ഓർത്തിടട്ടെ ആ സ്നേഹ ഗാത്രത്തെ.

ഇ.കെ.നഈം


Tuesday, May 30, 2023

പുകവലി

 പുകവലി

വഴിയിൽ കിടക്കുന്ന സിഗരറ്റ് പാക്കറ്റിൽ വെറുതെ ചവിട്ടിയതായിരുന്നു. കറുത്ത കുത്തുകൾ വീണ് ക്ഷീണിച്ച ശ്വാസകോശം അതിൽ നിന്ന് പുറത്ത് ചാടി. മണ്ണിലാവാതിരിക്കാൻ കൈ കൊണ്ടെടുത്തെങ്കിലും കുതറി മാറി വീണ്ടും നിലത്തു വീണു. ഇരു കൈയ്യും കൂട്ടിപ്പിടിച്ച് ഞാൻ ശ്രദ്ധയോടെ മാറോടണച്ചെങ്കിലും എൻ്റെ ആശ്ശേഷങ്ങളെ തട്ടിമാറ്റി തൊട്ടടുത്ത ഓവു ചാലിലേക്ക് ചാടി. ചെളി നിറഞ്ഞ വെള്ളത്തിൽ നിന്ന്  രക്ഷപ്പെടാൻ പഴുതുകളില്ലാതെ ഒലിച്ചുപോകുന്നത് വേദനയോടെ നോക്കിയിരിക്കാനേ കഴിഞ്ഞുള്ളു.

Tuesday, March 3, 2020

ഞായറാഴ്ച്ചയാവട്ടെ.

തോമസ് എന്ന എൻ്റെ പഴയ കൂട്ടുകാരൻ വലിയ സംസാര പ്രിയ നായിരുന്നു. ചെറുപ്പകാലത്ത് വീട്ടിലുണ്ടായ തമാശ പറഞ്ഞത് ഇപ്പൊഴും ഓർക്കുന്നു. നാട്ടിലെന്തോ ഒരു വിക്രസ് ഒപ്പിച്ചതിന് രാത്രി വീട്ടിലെത്തിയ അച്ഛൻ വല്ലാതെ ദേഷ്യപ്പെടുകയും അടിക്കുകയും  ചെയ്തു. ഒന്നും ആലോചിച്ചില്ല ഒന്നുരണ്ട് വസ്ത്രങ്ങളെടുത്ത് വീട്ടിൽ നിന്നിറങ്ങി. 'എങ്ങോട്ടാ ' അച്ഛൻ്റെ ചോദ്യം. ഞാൻ പോവ്വാണ് എന്ന് പറഞ്ഞ് തോമസ് നാടു വിടാനിറങ്ങി. നല്ലയിരുട്ട്. വെളിച്ചമില്ല. കുറേ ദൂരം നടന്നാലെ റോഡിലെത്തു. അൽപ നേരം ശങ്കിച്ചു നിന്ന ശേഷം തിരിച്ച് വീട്ടിലേക്ക് തന്നെ കയറി. 'എന്തേ .. പോണില്ലേ' അച്ഛൻ്റെ എല്ലാം അറിഞ്ഞുള്ള ചോദ്യം. തോറ്റു കൊടുക്കാനാവാത്തതിനാൽ തോമസ് ഇങ്ങനെ പറഞ്ഞു: 'ഞായറാഴ്ച്ചയാവട്ടെ' .!
- ഇ.കെ.നഈം -

Friday, February 14, 2020


നടത്തം

നടക്കുന്നില്ലേ...
ഞായറാഴ്ച്ചയാവട്ടെ.

ആയെല്ലോ. നടക്കുന്നില്ലേ..
പൊരിഞ്ഞ മഴ.

പോയെല്ലോ. നടക്കുന്നില്ലേ.
ഷൂവാങ്ങണം.

വാങ്ങീല്ലോ. നടക്കുന്നില്ലേ.
ജോഗിങ് ഡ്രസ്സ് വേണം.

കിട്ടീലോ. നടക്കുന്നില്ലേ.
ഇല്ല. എണീക്കാനാവുന്നില്ല.

Tuesday, September 10, 2019



പൂക്കളം തീർക്കാനുള്ള
പൂക്കളെയെല്ലാം പ്രളയം
കൊണ്ടു പോയെങ്കിലും ,
മനോവാടിയിലെ
സ്നേഹപ്പൂക്കളാൽ
ഓണപ്പൂക്കളം തീർക്കാം.
         E K Naeem